നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ജനവിധി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മുന്നണികള്‍. വോട്ടെണ്ണലിന് വേണ്ട ഒരുക്കങ്ങള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയായി. 120 ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റുകളാകും ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേതാണ്. വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകള്‍, നിലമ്പൂര്‍ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എന്നീ ക്രമത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കും.
വോട്ടെണ്ണല്‍ തുടങ്ങുന്ന വഴിക്കടവ്, മൂത്തേടം, എടക്കര എന്നിവ യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളാണ്. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് നേടുമെന്നാണ് കണക്കുകൂട്ടല്‍. ചുങ്കത്തറ യുഡിഎഫിനോട് ചായ് വുള്ള മേഖലയാണ്. നിലമ്പൂര്‍ നഗരസഭയിലും ശക്തി തെളിയിക്കാനാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. അതേസമയം കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പ്രതീക്ഷ പുലര്‍ത്തുന്ന പഞ്ചായത്തുകളാണ്. ഈ രണ്ടു പഞ്ചായത്തുകളിലെ വോട്ടുകളാകും വിധി നിര്‍ണയിക്കുക.
ആകെ പത്തു സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കൈപ്പത്തി ചിഹ്നത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ എം സ്വരാജ് (എൽഡിഎഫ്), താമര അടയാളത്തിൽ മോഹൻ ജോർജ് (എൻഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ. കത്രിക അടയാളത്തിൽ പി വി അൻവർ മത്സരിക്കുമ്പോൾ എസ്ഡിപിഐയ്ക്കു വേണ്ടി സാദിഖ് നടുത്തൊടിയും മത്സരരംഗത്തുണ്ട്.
0 Comments