ഡിജിറ്റൽ റവന്യൂ കാർഡുകൾ നവംബറിൽ നൽകിത്തുടങ്ങും -മന്ത്രി കെ. രാജൻ...... ഓണംതുരുത്ത്,കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു



ഡിജിറ്റൽ റവന്യൂ കാർഡുകൾ നവംബറിൽ നൽകിത്തുടങ്ങും
-മന്ത്രി കെ. രാജൻ......ഓണംതുരുത്ത്,കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു

 റവന്യൂ വകപ്പ് പുറത്തിറക്കുന്ന ഡിജിറ്റൽ റവന്യൂ കാർഡുകൾ ഈ വർഷം നവംബറിൽ വിതരണം ചെയ്തു തുടങ്ങുമെന്ന് റവന്യൂ ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഓണംതുരുത്ത്, കൈപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം   ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ടി.എം. കാർഡിന്റെ വലിപ്പത്തിൽ ക്യു.ആർ. കോഡും പത്തക്ക ഡിജിറ്റൽ നമ്പറും ഉൾപ്പെടുന്ന കാർഡാണ് ഓരോ കുടുംബത്തിനും നൽകുന്നത്.



ഭൂമി, കെട്ടിടങ്ങൾ, ക്രയവിക്രയങ്ങൾ തുടങിയ വിവരങ്ങൾ ഈ സ്മാർട്ട് കാർഡിൽ രേഖപ്പെടുത്തും. വില്ലേജ് ഓഫീസുകളെ  ശാക്തീകരിക്കുന്നതോടെ  റവന്യൂ സംബന്ധമായ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാനാകും.  ജനകീയ സമിതികൾ രൂപീകരിച്ചതോടെ വില്ലേജ് ഓഫീസുകളെ  ജനാധിപത്യവത്കരിക്കാനായെന്നും  മന്ത്രി പറഞ്ഞു.



 കൈപ്പുഴ സെന്റ് ജോർജ് കമ്മ്യൂണിറ്റി ഹാളിൽ  നടന്ന ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതോടെ  സേവനങ്ങൾ മൊബൈൽ ഫോൺ വഴി വീട്ടിലിരുന്ന് നേടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ ശിലാഫലക അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.



 നീണ്ടൂർ ആയിരവേലിൽ  റോയിസ് എബ്രഹാം  സൗജന്യമായി വിട്ടു നൽകിയ എട്ടുസെന്റ് ഭൂമിയിലാണ് ഓണംതുരുത്ത് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. കൈപ്പുഴ ഇടമറ്റത്ത് കണ്ടത്തിൽ വീട്ടിൽ പരേതനായ ജോസഫ് ലൂക്കോസ്, ചെറുപുഷ്പവിലാസത്തിൽ ജോർജ് കുട്ടി എന്നിവർ സൗജന്യമായി നൽകിയ എട്ട് സെന്റ് ഭൂമിയിലാണ് കൈപ്പുഴ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. 



ഭൂമി നൽകിയ റോയിസ് ഏബ്രഹാം, ഭൂമി ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്തംഗം ലൂയി മേടയിൽ എന്നിവരെ മന്ത്രി വി.എൻ. വാസവൻ പൊന്നാടയണിയിച്ചാദരിച്ചു.
 ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ശ്രീജിത്ത്,    ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൂയി മേടയിൽ,


 പുഷ്പമ്മ തോമസ്, കൈപ്പുഴ സെന്റ്. ജോർജ് പള്ളി വികാരി ഫാ. സാബു മാലിത്തുരുത്ത്, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  ബാബു ജോർജ്, രാജീവ് നെല്ലിക്കുന്നേൽ എന്നിവർ  പ്രസംഗിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments