ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ നായനാര്‍ കരഞ്ഞത് മനസില്‍ തട്ടി.... അന്ന് മറ്റൊരു രാഷ്ട്രീയ നേതാവും കരഞ്ഞില്ല : കെ.കുഞ്ഞികൃഷ്ണന്‍



 മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം അനുശോചന സന്ദേശം നല്‍കാന്‍ ദൂരദര്‍ശന്‍ സ്റ്റുഡിയോയിലെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് ഇ കെ നായനാര്‍ പൊട്ടിക്കരഞ്ഞത് ഓര്‍ത്തെടുത്ത് തിരുവനന്തപുരം ദൂരദര്‍ശന്റെ പ്രഥമ ഡയറക്ടര്‍ കെ കുഞ്ഞികൃഷ്ണന്‍. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയെ കാണാന്‍ പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞായിരുന്നു നായനാര്‍ അന്ന് കരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു കെ കുഞ്ഞികൃഷ്ണന്‍. 

 ‘ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ന് ദൂരദര്‍ശനില്‍ അനുശോചന സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ എത്തിയിരുന്നു. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി നായനാര്‍ കരഞ്ഞത് മനസില്‍ തട്ടിയാണ്. നായനാരുടെ ദു:ഖം ഹൃദയത്തിന്റെ അഗാധതയില്‍ നിന്നായിരുന്നു. എന്നാല്‍ അന്ന് മറ്റൊരു രാഷ്ട്രീയ നേതാവും കരഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് കണ്ണൂനീര് തുടര്‍ച്ചയായി ഒഴുകി’ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 


 തന്നെ സംബന്ധിച്ച് ഇന്ദിരയുമായുണ്ടായ അനുഭവമാണ് അവരുടെ മരണത്തില്‍ ഇത്രയേറെ ദു:ഖമുണ്ടാക്കാന്‍ കാരണംമെന്നും അന്ന് നായനാര്‍ പറഞ്ഞത് കുഞ്ഞികൃഷ്ണന്‍ ഓര്‍ത്തെടുത്തു. ‘ഇന്ദിരയെ കാണാന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ അന്ന് അവരോട് ക്ഷോഭിച്ച് സംസാരിക്കേണ്ടി വന്നു. ഉച്ചത്തില്‍ സംസാരിച്ചു, മേശയില്‍ അടിച്ച് ക്ഷോഭിച്ച് സംസാരിച്ചാണ് ഇറങ്ങി പോയത്. എന്നാല്‍ പോകാന്‍ നേരം ഇന്ദിര എന്നോട് പറഞ്ഞു ഒരു മിനിറ്റ് നില്‍ക്കണമെന്ന്.., അല്‍പ സമയം കഴിഞ്ഞപ്പോള്‍ അടുത്ത് വിളിച്ച് ചോദിച്ചു. 


നിങ്ങള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും എനിക്കറിയാം. എന്തൊക്കെ മരുന്നുകളാണ് കഴിക്കുന്നത്, ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടയായിട്ടുണ്ടോ എന്നാണ് ഇന്ദിര ചോദിച്ചത്. ഇന്ദിരയോട് കയര്‍ത്ത് സംസാരിച്ച എന്നോട് ഇങ്ങനെ പെരുമാറാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാന് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്, കാരണം ഒരു രാഷ്ട്രീയ നേതാവ് എന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിക്കുന്നത് ഇതാദ്യമായാണ്. പിന്നെ എങ്ങനെ ഇന്ദിരയുടെ മരണത്തില്‍ എനിക്ക് കരയാതിരിക്കാന്‍ കഴിയും’ നായനാര്‍ പറഞ്ഞു. 

 ഇന്ദിരാഗാന്ധിയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു നായനാര്‍ പറഞ്ഞത്. ഈ സമയം സ്റ്റുഡിയോയില്‍ ഏകദേശം 10 പേര്‍ ഉണ്ടായിരുന്നു. എല്ലാവരും വികാരഭരിതരായിരുന്നു. കേരളത്തിലെ തന്റെ ടെലിവിഷന്‍ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments