മൂന്നാറിലേക്ക് എത്തുന്ന സാഹസിക സഞ്ചാരികൾക്കായി പാരാ സെയിലിംഗ് പദ്ധതിയുമായി ഹൈഡൽ ടൂറിസം വകുപ്പ്. സ്വകാര്യ കമ്പനിയുമായി ചേർന്ന് വരുമാനം പങ്കിടൽ വ്യവസ്ഥയിലാണ് പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി മാട്ടുപ്പെട്ടി ജലാശയത്തിൽ പാരാ സെയിലിംഗ് പരീക്ഷണ പറക്കൽ നടത്തി. രണ്ട് ദിവസം കൂടി പരീക്ഷണ പറക്കൽ നടത്തിയതിന് ശേഷം അനുകൂലമായ സാഹചര്യമുണ്ടെങ്കിൽ മാത്രമാകും പദ്ധതി ആരംഭിക്കുക.
പ്രകൃതി മനോഹാരിത മാത്രമല്ല, വ്യത്യസ്തമായ വിനോദ ഉപാധികൾ കൂടി മൂന്നാറിലേക്കെത്തിച്ച് കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈഡൽ ടൂറിസം വകുപ്പ് ഇടുക്കിയ്ക്ക് പരിചിതമല്ലാത്ത പാരാ സെയിലിംഗ് പദ്ധതിയുമായി രംഗത്തെത്തിയത്. വിശാലമായ മാട്ടുപ്പെട്ടി ജലാശയത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പരീക്ഷണ പറക്കലും നടത്തി.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവ്വർ ബോട്ട് മറെയിൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ചേർന്ന് വരുമാനം പങ്കിടൽ വ്യവസ്ഥയിൽ പദ്ധതി നടപ്പിലാക്കുന്നതിനാണ് ഹൈഡൽ ടൂറിസം വകുപ്പിന്റെ നീക്കം. പ്രകൃതി മനോഹാരിതയുടെ നടുവിൽ പുതിയ പദ്ധതിയെത്തുന്നതോടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. മൂന്നാറിനെ ടൂറിസം രംഗത്ത് ഉയർത്തിക്കൊണ്ട് വരുന്നതിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന് മുമ്പ് സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് മാട്ടുപ്പെട്ടി ജലാശത്തിൽ വിമാനം ഇറക്കിയിരുന്നു.
0 Comments