സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ അധ്യാപകന്‍ 25 വര്‍ഷത്തിന് ശേഷം പിടിയില്‍


 സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ അധ്യാപകന്‍ 25 വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. കരമനയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ നിറമണ്‍കര സ്വദേശി മുത്തു കുമാര്‍ ആണ് പിടിയിലായത്. 2000-ല്‍ നടന്ന കേസില്‍ പ്രതിയായ മുത്തു കുമാര്‍, ചെന്നൈയില്‍ ‘സാം’ എന്ന പേരില്‍ പാസ്റ്ററായി ജീവിച്ചു വരികയായിരുന്നു. 

ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന മുത്തുകുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. 

തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുത്തുകുമാറിന്റെ വീട്ടില്‍ കണ്ടെത്തുന്നത്. വീട്ടുകാർ എത്തുമ്പോള്‍ ഭക്ഷണം വാങ്ങിക്കാന്‍ പുറത്തുപോയ മുത്തുകുമാറിനെ, നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നത്. പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയി. 

വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന പ്രതി ഒടുവില്‍ ചെന്നൈ അയണവാരം എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. ചെന്നൈയില്‍ വെച്ച് മതം മാറിയ പ്രതി സാം എന്ന പേരില്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയാ യിരുന്നു. രണ്ടു വിവാഹവും കഴിച്ചിരുന്നു. പിടിയിലാകാതിരിക്കാനായി മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഫോണ്‍ കോള്‍ ആണ് കേസില്‍ നിര്‍ണായകമായി മാറിയത്. 

 പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നാണ് മുത്തുകുമാര്‍ ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള 150ല്‍പരം മൊബൈല്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments