ഉപഭോക്താവറിയാതെ മിനിമം ബാലൻസ് പരിധി ഉയർത്തി പണം കവർന്ന സംഭവത്തിൽ സ്വകാര്യ ബാങ്കിനെതിരെ പോലീസ് അന്വേഷണം
ഉപഭോക്താവിൻ്റെ അനുമതി കൂടാതെ ബാങ്ക് സ്വമേധയാ ആവറേജ് മിനിമം ബാലൻസ് ഉയർത്തിയശേഷം പരിധി പാലിക്കുന്നില്ലെന്നു കാട്ടി പിഴ എന്ന പേരിൽ പണം കവർന്നെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. ഉപഭോക്താവായ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആക്സിസ് ബാങ്കിനെതിരെയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
ഉപഭോക്താവായ തൻ്റെ സമ്മതവും അറിവും ഇല്ലാതെ മിനിമം ബാലൻസിൻ്റെ പരിധി ബാങ്ക് സ്വയം വർദ്ധിച്ചശേഷം പിഴയെന്ന പേരിൽ പണം ഈടാക്കിയ നടപടി മോഷണത്തിൻ്റെ പരിധിയിൽ വരുമെന്നും ആയതിനാൽ ഭാരതീയ ന്യായ സംഹിത 2023 പ്രകാരം ചതി, വഞ്ചന, തട്ടിപ്പ്
വകുപ്പ് 318, വകുപ്പ് 318 (4), വ്യാജരേഖ നിർമ്മാണം
വകുപ്പ് 336, വകുപ്പ് 303
മോഷണം, വകുപ്പ് 314 സത്യസന്ധമല്ലാത്ത രീതിയിൽ സ്വത്ത് ദുരുപയോഗം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളാണ് ആക്സിസ് ബാങ്ക് ചെയ്തിരിക്കുന്നതെന്ന് ഡി ജി പി യ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പാലാ ശാഖയിൽ നിന്നും 2008 ൽ 5000 രൂപ ആവറേജ് മിനിമം ബാലൻസ് നിബന്ധനയിൽ എടുത്തിരുന്നുവെന്നും അതിൽ മിനിമം ബാലൻസ് നിലനിർത്തി പോരുന്നതിനാൽ ഇക്കഴിഞ്ഞ 17 വർഷത്തിൽ ഒരിക്കൽപോലും മിനിമം ബാലൻസ് ഇല്ലാത്തതിൻ്റെ പേരിലുള്ള പിഴ നൽകേണ്ടി വന്നിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോൾ 401.93 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. വിശദമായി പരിശോധിച്ചപ്പോൾ സെപ്തംബർ മാസം ആവറേജ് മിനിമം ബാലൻസ് ഇല്ലാതെ പോയി എന്ന കാരണം പറഞ്ഞ് ബാങ്ക് പിഴ എന്ന പേരിൽ പണം അനുവാദമില്ലാതെ എടുത്തതായി സ്റ്റേറ്റ്മെൻ്റിൽ നിന്നും മനസിലാക്കാൻ സാധിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞു. ഇതേത്തുടർന്നു ആക്സിസ് ബാങ്കിൻ്റെ പാലാ ശാഖയിൽ ബന്ധപ്പെട്ടു. ആവറേജ് മിനിമം ബാലൻസ് താഴെപ്പോയതിനാലാണ് പിഴ ഈടാക്കിയതെന്നാണ് അവർ അറിയിച്ചതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
കൂടുതൽ പണം അക്കൗണ്ടിൽ കിടന്നിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ബാങ്ക് സ്വയം അക്കൗണ്ടിലെ മിനിമം ബാലൻസിൻ്റെ പരിധി ഉയർത്തുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചതെന്ന് എബി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
അക്കൗണ്ട് പരിധി ഉയർത്തുന്നത് സംബന്ധിച്ച് പരാതിക്കാരന് ഇ മെയിൽ അയച്ചുവെന്നും അക്കൗണ്ടിൽ കൂടുതൽ പണം ഉള്ള സാഹചര്യത്തിൽ മിനിമം ബാലൻസ് പരിധി ഉയർത്തേണ്ടതില്ല എന്ന് ഇമെയിലിന് മറുപടി കൊടുത്തില്ലെങ്കിൽ ബാങ്ക് സ്വയം ആവറേജ് മിനിമം ബാലൻസ് പരിധി ഉയർത്തുമെന്നായിരുന്നു ഇ മെയിലിൽ പറഞ്ഞിരുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞതായി എബി ജെ ജോസ് പറഞ്ഞു.
പണം സൂക്ഷിക്കാൻ വിശ്വസിച്ച് ആക്സിസ് ബാങ്കിനെ ഏൽപ്പിച്ചതാണെന്നും എന്നാൽ തൻ്റെ അറിവോ സമ്മതമോ കൂടാതെ ബാങ്കിന് ലാഭമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ വ്യാജരേഖകൾ ചമച്ച് തൻ്റെ പണം മോഷ്ടിച്ചെടുക്കുകയാണ് ആക്സിസ് ബാങ്ക് ചെയ്തതെന്നും എബി കുറ്റപ്പെടുത്തി. അതിനായി ആവറേജ് മിനിമം ബാലൻസ് എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് സ്വയം ഉയർത്തിയശേഷം അതു പാലിച്ചില്ലെന്ന വ്യാജ കാരണം ഉണ്ടാക്കി അതിൻ്റെ പിഴ എന്ന പേരിൽ ഈ കവർച്ച നടത്തിയതിനെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.





0 Comments