പാഠപുസ്തകത്തിന് അപ്പുറമുള്ള ജീവിതം കാണാൻ
വിദ്യാർത്ഥികൾ പാലാ മരിയസദനം സന്ദർശിച്ചു
സ്വന്തം ലേഖകൻ
"നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന് മരിയസദനത്തിൽ വന്നപ്പോൾ മനസിലായി"പാലാ
പുലിയന്നൂർ ഗായത്രി സെൻട്രൽ
സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അളകനന്ദയുടെ വാക്കുകളാണിത്. മാനസിക
വെല്ലുവിളി നേരിടുന്നവരുടെയും
വയോജനങ്ങളുടെയും, സംരക്ഷത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന പാലാ മരിയസദനത്തിൽ എത്തിയതായിരുന്നു വിദ്യാർത്ഥി സംഘം.ക്ലാസ് മുറിയിലെ പഠനത്തിനപ്പുറമുള്ള ഒരു ജീവിതം
അവർ ഇവിടെ നേരിൽ കാണുകയായിരുന്നു.
"സമൂഹത്തിൽ ഒറ്റപ്പെടുന്നവരാണ് ഇവിടെ എത്തുന്നത്, അവരെയാണ് സംരക്ഷിക്കുന്ന"തെന്ന്
മരിയസദനം സ്ഥാപനത്തിൻ്റെ ഡയറക്ടർ സന്തോഷ് ജോസഫ്
വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.
"പാവങ്ങളെയും മാനസിക വൈകല്യമുള്ളവരെയും
സംരക്ഷിക്കുന്നത് ഒരു സംസ്കാരമാണ്. തിരിച്ചറിവ് നഷ്ടപ്പെടുന്നതാണ്
മാനസിക വൈകല്യം. മദ്യപിച്ച് മാനസിക നില തെറ്റിയവരുണ്ട്.
വീടുകളിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ എണ്ണവും
മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായി സന്തോഷ് പറഞ്ഞു.ഇതൊരു കൂട്ടുകുടുംബമാണ്.
മാതാപിതാക്കൾ, മക്കൾ,കുട്ടികൾ എല്ലാവരും ഇവിടെയുണ്ട്. എഴുന്നേറ്റ് നടക്കാൻ പറ്റാത്തവരും വ്രണങ്ങളാൽ കഷ്ടപ്പെടുന്നവരുമുണ്ട്.
സഹജീവികളോട് സ്നേഹവും ദയയും കാരുണയും
ഉണ്ടെങ്കിൽ ഇതുപോലുള്ളവരുടെ സംരക്ഷണം നമുക്ക്
ബുദ്ധിമുട്ടുണ്ടാകില്ല-അദ്ദേഹം പറഞ്ഞു. മാനസികാരോഗ്യം വീണ്ടെടുത്തവർ ചേർന്ന് സഞ്ചി,വസ്ത്രം, മെഴുകുതിരി എന്നിവയുടെ നിർമ്മാണവും ഗാനമേള, നാടകം തുടങ്ങിയ കലാപരിപാടികളുമായി അവരെ
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്.
വിദ്യാർത്ഥികൾക്ക് മുന്നിൽ അവർ പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും ഒപ്പം ചേർന്നു. ഡയറക്ടർ സന്തോഷ് ജോസഫ്, സ്റ്റാഫ് അംഗം അലീന ജോബി എന്നിവർ മരിയസദനത്തിൻ്റെ പ്രവർത്തനങ്ങൾ വിവരിച്ചു. അദ്ധ്യാപിക മിനി രാജനോടൊപ്പം 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് മരയസദനം സന്ദർശിച്ചത്.




0 Comments