വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെയും വിവിധ ഏജൻസികളുടെയും സഹകരണത്തോടെ മാനന്തവാടി രൂപത നിർമിക്കുന്ന 50 ഭവനങ്ങളിൽ ആദ്യത്തേതിൻ്റെ വെഞ്ചരിപ്പും താക്കോൽദാനവും നടത്തി.
ദുരന്തത്തിൽ കുടുംബാംഗങ്ങൾ, ഭവനം, സ്ഥലം എന്നിവ നഷ്‌ടപ്പെട്ട റെജീന ചിറ്റിലപ്പള്ളിയാണ് ആദ്യ ഭവനത്തിന്റെ ഗുണഭോക്താവ്. രൂപത തോമാട്ടുചാലിൽ 10 സെൻ്റ് സ്ഥലം വിലയ്ക്കുവാങ്ങിയാണ് വീട് പണിതത്. വീടിന് മാത്രമായി 17.5 ഉം സ്ഥലം അടക്കം മറ്റുള്ളവയ്ക്ക് 13.5 ഉം ലക്ഷം രൂപ ചെലവായി.
ഇതിൽ 15 ലക്ഷം രൂപ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സിഎംഐ കോൺഗ്രിഗേഷനും 10 ലക്ഷം രൂപ കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലും ലഭ്യമാക്കി. ബാക്കി തുക രൂപത കണ്ടെത്തി. 900 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ട് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുണ്ട്.
കുഴൽക്കിണർ, ചുറ്റുമതിൽ എന്നിവയും നിർമിച്ചു. രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും രൂപത പുനരധിവാസ കമ്മിറ്റിയും ചേർന്നാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം വീടിൻറെ വെഞ്ചരിപ്പ് നടത്തി. താക്കോൽദാനം ബംഗളൂരു ക്രൈസ്റ്റ് നഗർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ റവ.ഡോ. ജോസ് സിഎംഐ നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്‌ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ഫാ.സണ്ണി മഠത്തിൽ, ഫാ.വിൻസന്റ് കളപ്പുര എന്നിവർ പ്രസംഗിച്ചു. റെജീന ചിറ്റിലപ്പള്ളി നന്ദി പറഞ്ഞു. രൂപത നിർമിക്കുന്ന മറ്റു ഭവനങ്ങളുടെ പ്രവര്‍ത്തി വാഴവറ്റ, ദ്വാരക, പുതിയിടം, കാരാപ്പുഴ എന്നിവിടങ്ങളിൽ പുരോഗമിക്കുകയാണ്. 2026 മെയ് മാസത്തോടെ മുഴുവൻ ഭവനങ്ങളും നിർമിച്ച് ഗുണഭോക്താക്കൾക്ക് കൈമാറും.





0 Comments