പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി.


  ശബരിമല സ്വര്‍ണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നേക്കാള്‍ നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 


 ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ മണ്ഡലത്തിലെ താമസക്കാരനാണ്. അയാള്‍ കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ല. പോറ്റി ഡല്‍ഹിയിലെത്തിയപ്പോള്‍ വിളിച്ചു. അപ്പോയിന്റ്‌മെന്റ് ലഭിച്ചശേഷമാണ് തന്നെ വിളിച്ചത്. സോണിയയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുണ്ടെന്നും, കൂടെ വരണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ചാണ് എംപി എന്ന നിലയില്‍ കൂടെ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പലരും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. 


 സ്വര്‍ണ്ണക്കൊള്ളയിലെ സ്വര്‍ണം എവിടേക്ക് പോയി എന്നു കണ്ടെത്താന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നത്. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതില്‍ കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കുന്നത്. എനിക്കെതിരെ അന്വേഷണമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തായാലും അന്വേഷണവുമായി സഹകരിക്കും. എസ്‌ഐടി വിളിച്ചാല്‍ അറിയാവുന്ന, കൃത്യമായ കാര്യങ്ങള്‍ പറയുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. 


 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 ലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും. മുന്നണി സംവിധാനം എന്ന നിലയില്‍ പാര്‍ട്ടികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ വിട്ടുവീഴ്ചകള്‍ ചെയത് മുന്നോട്ടു പോകും. യുഡിഎഫില്‍ പാര്‍ട്ടികളുടെ സീറ്റുമായി ബന്ധപ്പെട്ട കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മുസ്ലിം ലീഗ് മുന്നണിയിലെ പ്രധാന കക്ഷിയാണ്. അവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ മുന്നണി യോഗത്തില്‍ കേള്‍ക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments