സമാന്തര സിനിമകളുടെ അമരക്കാരായ ജോൺ എബ്രഹാമും പവിത്രനും കഥപറയാനായി, ഒരിക്കൽ പ്രേംനസീറിന്റെ വീട്ടിലെത്തി. നസീർ സാറിന്റെ കൈയിൽനിന്ന് പൈസ കടംവാങ്ങുകയാണ് ലക്ഷ്യം. വരാന്തയിൽ പേരക്കിടാങ്ങൾക്കു കളിക്കാനുള്ള രണ്ട് മരക്കുതിരകൾ ഉണ്ടായിരുന്നു. കോളിംഗ്ബെൽ അമർത്തിയശേഷം ജോണും പവിത്രനും ആ മരക്കുതിരമേൽ ഇരുന്ന് ആടാൻ തുടങ്ങി. "ങാ...ഇതാര്... ജോൺ! വരൂ അകത്തിരിക്കാം.
'' പ്രേംനസീർ അവരെ അകത്തേക്കു ക്ഷണിച്ചു. അദ്ദേഹത്തെ കണ്ടപ്പോൾ എഴുന്നേറ്റുനിന്ന അവർ വീണ്ടും മരക്കുതിരമേൽ ഇരുന്നു."ഞങ്ങളിവിടെ ഇരുന്നോളാം...'' പ്രേംനസീർ അതു കേട്ട് ചിരിച്ചു."ങാ... വന്ന കാര്യം പറഞ്ഞില്ലല്ലോ.'' അദ്ദേഹം തിരക്കി. "ഞങ്ങൾക്ക് സാറിന്റെ ഡേറ്റ് വേണം.'' പവിത്രൻ പറഞ്ഞു. "ഓഹോ... അതു ശരി... തരാമല്ലോ. ആട്ടെ... കഥ കേൾക്കട്ടെ..."കഥയൊക്കെ നല്ല കഥയാ. കഥയുടെ മാസ്റ്ററല്ലേ ഈ ഇരിക്കുന്നത്.'' പവിത്രൻ ജോണിനെ ചൂണ്ടി പറഞ്ഞു.
"വളരെ സന്തോഷം. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരായ പ്രതിഭകളുടെ സിനിമയിൽ അഭിനയിക്കാൻ എനിക്കാഗ്രഹമുണ്ട്."" പ്രേംനസീർ പറഞ്ഞു."സാറിന് സന്തോഷമായല്ലോ. ഞങ്ങൾക്കും സന്തോഷമായി. ഒരു ആയിരം രൂപ സാർ അഡ്വാൻസായി താ...'' ജോൺ ഏബ്രഹാം എടുത്തടിച്ചപോലെ പറഞ്ഞു.
ജോണിനല്ലാതെ മറ്റാർക്കും ഇങ്ങനെ പറയാൻ പറ്റില്ല. മാന്യനായ പ്രേംനസീർ ആയിരം രൂപ അവർക്കു നൽകി.ജോണും പവിത്രനുംകൂടി ആ പണമത്രയും വെള്ളമടിച്ചു തീർത്തു. നസീർ സാർ പിന്നീട്, ആ പണം അവരോടു ചോദിച്ചിട്ടുമില്ല. സത്യത്തിൽ അവർ സിനിമ ചെയ്യാൻ വന്നതല്ലെന്നും പൈസയ്ക്കു ബുദ്ധിമുട്ടായതുകൊണ്ട് വന്നതാണെന്നും മനുഷ്യസ്നേഹിയായ മഹാനടനു മനസിലായിട്ടുണ്ടാകണം.





0 Comments