അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയ പള്ളിയിൽ നിന്നു പ്രയാണം ആരംഭിച്ചു. വികാരി ഫാദർ ജോസ് കാക്കലിയുടെ ആശീർവാദത്തോടെ ആരംഭിച്ച പതാക പ്രയാണം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്. തിരുനാളിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പതാക പ്രയാണം അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരുന്നതോടെ കൊടിയേറ്റ കർമ്മങ്ങൾ നടക്കും.
വിശ്വാസികളുടെയും തീർത്ഥാടകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ഈ വർഷവും തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. പാലായിൽ നിന്ന് 21 വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണമായിട്ടാണ് തിരുനാൾ കൊടി കൊണ്ടുപോകുന്നത്. അലങ്കരിച്ച വാഹനത്തിൽ പ്രദക്ഷിണമായി അർത്തുങ്കൽ പള്ളിയിലെത്തിക്കുന്ന കൊടി സ്വീകരിച്ച് വൈകുന്നേരം 6 30ന് ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. 1998ൽ പാലാക്കാരിയായ ഐഷ മുത്തോലി എന്ന ഭക്ത സ്ത്രീക്ക് ഉണ്ടായ ദൈവാനുഭവത്തിന്റെ ഉപകാരസ്മരണയായിട്ടാണ് പാലായിൽ നിന്ന് ഈ പതാക സമർപ്പണം ആരംഭിച്ചത്.
1998 ൽ പാലാ ളാലം പഴയ പള്ളിയിൽനിന്ന് ഈ പ്രയാണം ആരംഭിച്ചപ്പോൾ പാലാ രൂപതാ അധ്യക്ഷൻ അന്ന് അർത്തുങ്കലിൽ കുർബാന അർപ്പിച്ചിരുന്നു. പിന്നീട് സെൻറ് ജോസഫ് ട്രസ്റ്റ് ആണ് പാലായിൽ നിന്ന് ഈ പ്രദക്ഷിണം നയിച്ചിരുന്നത്. രണ്ട് റീത്തുകളും രണ്ട് രൂപതകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രതീകം ആകയാൽ പഴയകാലത്തെപ്പോലെ തന്നെ പാലാ ളാലം പള്ളിയിൽ നിന്ന് പ്രയാണം ആരംഭിക്കണം എന്ന പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിലിൻ്റെ ആഗ്രഹം മാനിച്ചാണ് ഇത്തവണ പാലാ ളാലം പള്ളിയിൽനിന്ന് പതാകപ്രദക്ഷിണം ആരംഭിക്കുന്നത്.
പാലാ ളാലം പഴയപള്ളിക്ക് നിത്യ സഹായ മാതാവിൻറെ നൊവേന ആദ്യമായി ആരംഭിച്ച തീർത്ഥാടന കേന്ദ്രം എന്ന സവിശേഷതയും ഉണ്ട്. തിരുകർമ്മങ്ങൾക്ക് പഴയ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ ,ഫാദർ ജോസഫ് ആലഞ്ചേരി, ഫാദർ സ്കറിയ പറമ്പിൽ ഫാ. ആന്റണി നങ്ങപറമ്പിൽ സെൻ്റ് ജോസഫ് ട്രസ്റ്റ് അംഗങ്ങൾ കൈകാരന്മാരായ ടെൻസൺ വലിയകാപ്പിൽ, സാബു തേൻമാക്കൽ ജോർജുകുട്ടി ഞാവള്ളിൽ ബേബിച്ചൻ ചാമക്കാല എന്നിവർ നേതൃത്വം നൽകി.





0 Comments