പോളണ്ടിലെ ക്രാക്കോവിലാണ് നഴ്സിംഗ് ശുശ്രൂഷയ്ക്കും, നഴ്സിംഗ് വിദ്യാഭ്യാസത്തിനുമായി ക്രിസനോവ്സ്ക തന്റെ ജീവിതം സമർപ്പിച്ചത്. ആരോഗ്യ പരിപാലന മേഖല പലപ്പോഴും അവഗണിച്ചിരുന്ന രോഗികളുടെ വീട്ടിലുള്ള പരിചരണത്തിന് ഹന്ന ഹെലീന നൽകിയ സംഭാവനകൾ അനന്യമാണ്. രോഗികളെയും ദരിദ്രരെയും യഥാർഥത്തിൽ ശുശ്രൂഷിക്കാൻ "സ്വയം പിൻവാങ്ങുകയും സ്നേഹത്തിന്റെ വിശാലമായ തടാകത്തിലേക്കു യാത്ര ചെയ്യുകയും വേണം" എന്നു ക്രോസനോവ്സ്ക നിരന്തരം മറ്റുള്ളവരെ ഓർമ്മപ്പെടുത്തിയിരുന്നു.
യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന ഇഗ്നസി ക്ർസാനോവ്സ്കിയുടെയും (Ignacy Chrzanowski ) വാണ്ട സ്ലെൻകിയറുടെയും (Wanda Szlenkier ) മകളായി 1902 ഒക്ടോബർ മാസം ഏഴാം തീയതി പോളണ്ടിൻ്റെ തലസ്ഥാനമായ വാഴ്സയിലാണ് (warsaw) ഹന്ന ഹെലീന ക്രിസനോവ്സ്കയുടെ ജനനം . വലിയ വ്യവസായ ശൃഖലയും -ഭൂസ്വത്തുമുണ്ടായിരുന്ന കുടുംബം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരരായിരുന്നുവെങ്കിലും മതപരമായ കര്യങ്ങളിൽ അത്ര സജീവമായിരുന്നില്ല.
1926 മുതൽ 1929 വരെ ക്രാക്കോവിലെ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് നഴ്സസ് ആൻഡ് ഹൈജനിസ്റ്റ്സിൽ അധ്യാപികയായ ഹന്ന 1929 മുതൽ 1939 വരെ നേഴ്സ് പോളണ്ട് ( Nurse Poland ) എന്ന ആരോഗ്യ മാസികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1937 ൽ പോളിഷ് നഴ്സുമാരുടെ കത്തോലിക്കാ അസോസിയേഷൻ രൂപീകരിക്കുന്നതിനു ഹന്ന ക്രസനോവ്സ്ക മുൻ നിരയിലുണ്ടായിരുന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം പോളണ്ടിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ തൻ്റെ സമൂഹത്തിലെ രോഗികളെയും മുറിവേറ്റവരെയും പരിചരിക്കുന്നതിനായി നഴ്സുമാരെ സംഘടിപ്പിക്കാൻ ഹന്ന മുന്നോട്ടിറങ്ങി.
1940-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് പിതാവിനെയുംനെയും സഹോദരനെയും അവൾക്കു നഷ്ടമായി. യുദ്ധാനന്തരം, ക്രാക്കോവിൽ ഒരു യൂണിവേഴ്സിറ്റി ഓഫ് മെറ്റേണിറ്റി ആന്റ് നഴ്സിംഗ് തുറന്നപ്പോൾ, ഹോം നഴ്സിംഗ് ഡിപ്പാർട്ടുമെൻ്റിൻ്റെ അധ്യക്ഷയായി ഹന്നയെ നിയമിച്ചു. പിന്നീട് കോബിയേഴ്സിനിലെ സ്കൂൾ ഓഫ് സൈക്കിയാട്രിക് നേഴ്സിംഗിൽ ഡയറക്ടറായും ജോലി ചെയ്തു. ബെനഡിക്റ്റിൻ ആദ്ധ്യാത്മികതയിൽ താൽപര്യമുണ്ടായിരുന്ന ഹന്ന 1956 മുതൽ അല്മായർക്കായുള്ള ബെനഡിക്റ്റൈൻ ഒബ്ലേറ്റിൽ അംഗമായിരുന്നു.
കമ്മ്യൂണിസ്റ്റ് സർക്കാരുമായുള്ള അഭിപ്രായ വിത്യാസങ്ങളെ തുടർന്നു ഔദ്യോഗിക ജോലിയിൽ നിന്നു നേരത്തെ വിരമിച്ച ഹന്ന ഹെലീന, ക്രോക്കോവിലുടനീളം ദരിദ്രർക്കായി ഇടവക അധിഷ്ഠിത ഗാർഹിക പരിചരണ ശൃഖംലയ്ക്കു രൂപം നൽകാനുള്ള ആഗ്രഹം കരോൾ വോയ്റ്റില എന്ന പുരോഹിതനെ അറിയിച്ചു. അവർ ഇരുവരുടെയും നേതൃത്വത്തിൽ Home Nursing ശുശ്രൂഷ ക്രോക്കോവിൽ സജീവമായി.
പ്രൊഫഷണൽ നഴ്സുമാരുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിനു വൈദികർ, കന്യാസ്ത്രീകൾ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ, അയൽക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാവരിലും നിന്നും പൂർണ്ണ പിന്തുണ ലഭിച്ചു. ഹന്നയുടെ നേഴ്സിംഗ് രംഗത്തെ സംഭവാനകളെ ആദരിച്ചു പ്രോ എക്ലസ്യാ എത് പൊന്തിഫിച്ചേ മെഡൽ 1965ലും ഓർഡർ ഓഫ് പോളോണിയ റെസ്റ്റിറ്റുട്ട അംഗീകാരം 1971 ലും തേടിയെത്തി.
1966 വേദനകളുടെ ആരംഭമായിരുന്നു, ആ വർഷം ഹന്നയ്ക്കു അർബു രോഗം സ്ഥിരീകരിച്ചു, ഒടുവിൽ 1973 ഏപ്രിൽ 29നു മരണത്തിനു കീഴടങ്ങുന്നതുവരെ അവൾ പോരാടി. റാക്കോവിക്കി സെമിത്തേരിയിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിച്ചത് പഴയ സഹപ്രവർത്തകനായിരുന്ന കർദ്ദിനാൾ കരോൾ വോയ്റ്റില (വിശുദ്ധ ജോണ് പോള് രണ്ടാമന് പാപ്പ)യാണ്.
"പ്രിയ ഹന്ന, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതിനു നിനക്കു നന്ദി ... "കരുണയുള്ളവർ ഭാഗ്യവാൻമാർ " എന്ന യേശുവിൻ്റെ മലയിലെ പ്രസംഗ ഭാഗത്തിനു നീ ജീവതം കൊണ്ടു സാക്ഷ്യം നൽകി... ഹന്നയെ അടുത്തറിയാവുന്നവർക്കറിയാം, ദൈവത്തെയും അയൽക്കാരെയും പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക എന്ന വലിയ കല്പനയ്ക്കു എത്ര വിരോചിതമായ രീതിയിലാണ് അവൾ സാക്ഷ്യം നൽകിയതെന്ന്." ചരമ പ്രസംഗത്തിൽ ഭാവി മാർപാപ്പയായ കർദ്ദിനാൾ വോയ്റ്റില കൂട്ടി ചേർത്തു.
1995-ൽ കത്തോലിക്ക നേഴ്സുമാരുടെയും മിഡ്വൈഫുകളുടെയും സംഘടന ( Catholic Association of Nurses and Midwives) ഹന്നയുടെ നാമകരണ നടപടികൾ തുറക്കാൻ അന്നത്തെ ക്രോക്കോവ് ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാൾ ഫ്രാൻസിസ്സെക് മച്ചാർസ്കിക്കു ഒരു നിവേദനം സമർപ്പിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പ്രൊഫഷനൽ കൂട്ടായ്മ അവരുടെ ഒരംഗത്തെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നാമകരണ നടപടി ആരംഭിക്കണം എന്നു ഔദ്യോഗികമായി കത്തോലിക്കാ സഭയോട് ആവശ്യപ്പെടുന്നത്. 1998 നവംബർ മൂന്നിനു ഹന്നയുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു.
2015ൽ ഹന്നയെ ധന്യയായി പ്രഖ്യാപിച്ചു. 2017 ജൂലൈ ഏഴിനു ഹന്നയുടെ മാധ്യസ്ഥതയിലൂടെ നടന്ന അത്ഭുതം വത്തിക്കാൻ അംഗീകരിച്ചു. 2018 ഏപ്രിൽ 28 നു ക്രോക്കോവിലെ ദൈവകരുണയുടെ ബസലിക്കയിൽ നടന്ന ചടങ്ങിൽ കർദിനാൾ അഞ്ചലോ അമാത്ത ഹന്ന ഹെലീന ക്രിസനോവ്സ്കയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തി. നേഴ്സുമാരുടെ സ്വർഗ്ഗീയ മധ്യസ്ഥയായ വാഴ്ത്തപ്പെട്ട ഹന്നായോടു എല്ലാ നേഴ്സുമാർക്കു വേണ്ടിയും നമുക്കു മാധ്യസ്ഥം യാചിക്കാം.


0 Comments