ഇന്ന് ഫാദേഴ്‌സ് ഡേ.... തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ക്കുകയാണ് മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍... ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ചീഫ് ഡയബറ്റോളജിസ്റ്റ്‌ ഡോ. ജി. ഹരീഷ്‌കുമാര്‍, പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, വിഘ്‌നേശ്വര കേറ്ററിംഗ് സര്‍വ്വീസ് ഉടമ ദീപു വിജയകുമാര്‍ എന്നിവരാണ് അവരവരുടെ അച്ഛനെപ്പറ്റിയുള്ള കുറിപ്പ് എഴുതുന്നത്.


ഇന്ന് ഫാദേഴ്‌സ് ഡേ.... തങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ക്കുകയാണ് മൂന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍... ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ചീഫ് ഡയബറ്റോളജിസ്റ്റ്‌ ഡോ. ജി. ഹരീഷ്‌കുമാര്‍, പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, വിഘ്‌നേശ്വര കേറ്ററിംഗ് സര്‍വ്വീസ് ഉടമ ദീപു വിജയകുമാര്‍ എന്നിവരാണ് അവരവരുടെ അച്ഛനെപ്പറ്റിയുള്ള കുറിപ്പ് എഴുതുന്നത്.

തയ്യാറാക്കിയത് സുനില്‍ പാലാ
 

കണ്ണീരുവീണെന്റെ അക്ഷരം നനയുന്നു, അച്ഛാ...
 
മായാ രാഹുല്‍,
(വൈസ് ചെയര്‍പേഴ്‌സണ്‍, പാലാ നഗരസഭ)


അച്ഛാ... അങ്ങേയ്ക്കുറിച്ചെഴുതുമ്പോള്‍ ഈ പേനത്തുമ്പിലെ മഷിയേക്കാള്‍ താഴേയ്‌ക്കൊഴുകി പടരുന്നത് എന്റെ കണ്ണുനീരാണച്ഛാ. 

മനുഷ്യന്റെ ഏറ്റവും വലിയ പാപം മറവിയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും ദയനീയമായ അവസ്ഥ അവന്റെ ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. മറവി രോഗബാധിതനായ അച്ഛനില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയെടുത്ത പാഠമാണ് ഇത്. ഭൂതവും വര്‍ത്തമാനവും ഭാവിയും തമ്മിലുള്ള കണക്കുകള്‍ എവിടെയൊക്കെയോ അച്ഛന് പിഴച്ചുപോകുന്നത് വേദനയോടെയാണ് ഞാന്‍ നോക്കിനിന്നിട്ടുള്ളത്.

ഇതുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുളളതില്‍ വച്ചേറ്റവും നിഷ്‌ക്കളങ്കനായ, വക്രത ലവലേശം തീണ്ടിയിട്ടില്ലാത്ത ഒരേയൊരു വ്യക്തി എന്റെ അച്ഛനായിരുന്നു. കനിച്ചിനേഴത്ത് ഗോപാലമേനോന്റെയും മായക്കുട്ടിയുടെയും മകനായ ബാലശങ്കരന്‍.

ഹിന്ദി സിനിമാതാരം രാജ് കപൂറിനെ ഓര്‍മ്മിപ്പിക്കുന്ന ശരീരഭാഷയുളള, നര്‍മ്മരസികനായ, നല്ല രീതിയില്‍ ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കാനറിയാവുന്ന വ്യക്തിയായിരുന്നു അച്ഛന്‍. അതാതുകാലഘട്ടത്തിനു അനുസരിച്ച് ഏറ്റവും ഫാഷനബിളായ ഡ്രസേ അച്ഛന്‍ ധരിക്കുമായിരുന്നുള്ളൂ.  അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് അദ്ദേഹത്തിന്റെ റെമിംങ്ടണ്‍ ടൈപ്പ്‌റൈറ്ററും അതില്‍ അച്ഛന്റെ വിരലുകള്‍ പതിയുമ്പോഴുള്ള ക്ലാക്ക് ക്ലാക്ക് ക്ലാക്ക് ശബ്ദവുമാണ്. ഇന്ത്യന്‍ എക്സ്പ്രസിലേക്കും ടൈംസ് ഓഫ് ഇന്ത്യയിലേക്കും അയ്ക്കാനുള്ള ലേഖനങ്ങളായിരുന്നു അച്ഛന്‍ ടൈപ്പ് ചെയ്യാറുണ്ടായിരുന്നത്. 

 
രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കുവാങ്ങി പുറത്തുവന്നിട്ടും പഠിച്ചതിന്റെയോ ജയിച്ചതിന്റെയോ അഹങ്കാരം അച്ഛന്റെ വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ ഉണ്ടായിരുന്നില്ല. അറിവുകൊണ്ടോ സമ്പത്തുകൊണ്ടോ സൗന്ദര്യം കൊണ്ടോ അച്ഛന്‍ തന്നില്‍ നിന്ന് ആരെയും അകറ്റിനിര്‍ത്തിയിട്ടില്ല. എല്ലാവരെയും തന്നോട് ഒരേ മനസ്സോടെ ചേര്‍ത്തുനിര്‍ത്താനുളള വൈഭവം അച്ഛന് ജന്‍മസിദ്ധമായിട്ടുണ്ടായിരുന്നു. 

സാധാരണയായി അച്ഛന്‍മാരില്‍ നിന്ന് വഴക്കുകേള്‍ക്കാത്ത മക്കളുണ്ടാവില്ല. പക്ഷേ എന്റെ ഓര്‍മ്മയില്‍ ഇന്നേവരെ അച്ഛന്‍ എന്നെ വഴക്കുപറഞ്ഞിട്ടില്ല. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി എന്നെ അപകര്‍ഷതയിലേക്ക് തള്ളിയിട്ടിട്ടുമില്ല. എന്തൊരു പെര്‍ഫെക്ടായിരുന്നു അച്ഛനെന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോഴാണ്  നഷ്ടബോധത്തോടെ ഞാന്‍ തിരിച്ചറിയുന്നത്. 

തനിക്കെന്തെങ്കിലും നന്‍മകള്‍ ഉള്ളതായോ താന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും നന്‍മകള്‍ ചെയ്തിട്ടുള്ളതായോ ഭാവം അച്ഛനൊരിക്കലും ഉണ്ടായിരുന്നില്ല. അതു മനസ്സിലാക്കാന്‍ കഴിഞ്ഞത് അച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ മൃതദേഹത്തിന് മുമ്പില്‍ വന്ന് ഒരു യാചകി വാവിട്ടുനിലവിളിക്കുന്നത് കണ്ടപ്പോഴായിരുന്നു. എന്തിനാണ് അവര്‍ ഇപ്രകാരം കരയുന്നതെന്ന് നേര്‍ത്ത അസ്വസ്ഥതയോടെ ഞാന്‍ ചിന്തിച്ചു. എന്റെ ഈര്‍ഷ്യ ഇല്ലാതായത് ആ സ്ത്രീയുടെ കരച്ചിലിന് ബേക്കറിയിലെ അശോകന്‍ചേട്ടന്‍ വിശദീകരണം നല്കിയപ്പോഴാണ്. ആ സ്ത്രീയെ കാണുമ്പോഴെല്ലാം അച്ഛന്‍ ചോദിച്ചിരുന്നുവത്രെ, ഭക്ഷണം കഴിച്ചോയെന്ന്. ഇല്ലായെന്നാണ് മറുപടിയെങ്കില്‍ അച്ഛന്‍ പറയുമായിരുന്നു അശോകന്‍ചേട്ടന്റെ ബേക്കറിയില്‍ ചെന്ന് ആവശ്യത്തിന് കഴിച്ചോളാന്‍. ആ സ്ത്രീ കഴിക്കുന്നതിന്റെ പണം പതിവായി അശോകന്‍ചേട്ടന് നല്കിയിരുന്നത് അച്ഛനായിരുന്നുവത്രെ. ഒരിക്കല്‍പോലും അച്ഛന്‍ ഇത്തരം കാര്യങ്ങള്‍ ഞങ്ങളോട് പങ്കുവച്ചിരുന്നില്ല. ഇതുപോലെ എത്രയോ പേരെ അച്ഛന്‍ സഹായിച്ചിട്ടുണ്ടാവാം. പുഴയറിയാതെ നനഞ്ഞുകയറുന്നതുപോലെ...

വിശക്കുന്ന മനുഷ്യനെ കണ്ട് മുഖംതിരിക്കാന്‍ കഴിയാത്ത മനുഷ്യസ്നേഹിയായിരുന്നു എന്റെ അച്ഛന്‍. വാക്കിലും ജീവിതത്തിലും മാന്യതപുലര്‍ത്തുന്ന അപൂര്‍വ്വം ചിലരിലൊരാള്‍. ഒന്നേയുള്ളൂ പ്രാര്‍ത്ഥന, അടുത്തജന്‍മത്തിലും ഈ അച്ഛന്റെ മകളായി ജനിക്കാന്‍ വരം തരണമേയെന്ന്. 

അച്ഛനെക്കുറിച്ച് ഇനിയും കൂടുതലായി എന്തെങ്കിലും എഴുതാന്‍ എനിക്കാവുന്നില്ല. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു... കണ്ണീരു വീണ് എന്റെ അക്ഷരങ്ങള്‍ പടരാതിരിക്കാന്‍ ഞാനിവിടെ എന്റെ പേന അടച്ചുവയ്ക്കട്ടെ. കടലാസ് മടക്കിവയ്ക്കട്ടെ. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments