ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍



കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചു. നിലവില്‍ കോട്ടയം അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ മുപ്പതിനാലാമത്തെ സിനഡ് സമ്മേളനത്തിനു പിന്നാലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കാക്കനാട് മൌണ്ട് സെന്‍റ് തോമസിലും വത്തിക്കാനിലും ഇപ്പോള്‍ നടന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് സഭയിലെ നിയമനം പ്രഖ്യാപിച്ചത്. പുതിയ നിയമനത്തോടെ കോട്ടയം അതിരൂപതയില്‍ സഹായ മെത്രാന്മാരുടെ എണ്ണം മൂന്നായി.


1962 ജനുവരി 13-ന് പയ്യാവൂരിലാണ് ഫാ. തോമസ് ആനിമൂട്ടിലിന്റെ ജനനം. പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ പുത്രനാണ്. പയ്യവൂരിൽ പ്രാഥമിക-സെക്കൻഡറി വിദ്യാഭ്യാസവും മൈസൂരിൽ സർവകലാശാല പഠനവും പൂർത്തിയാക്കിയ ശേഷം, വൈദിക പരിശീലനത്തിനായി അദ്ദേഹം കോട്ടയത്തെ സെന്റ് സ്റ്റാനിസ്‌ലാവോസ് മൈനർ സെമിനാരിയിൽ ചേർന്നു. വൈദിക പരിശീലനത്തിനു ശേഷം 1989 ഏപ്രിൽ 13ന് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു കൈവയ്പ് ശുശ്രൂഷ സ്വീകരിച്ച് വൈദികനായി. തുടർന്ന് റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസെയിൽനിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റ് നേടി.


വയനാട് പുളിഞ്ഞാൽ ക്രിസ്‌തുരാജ പള്ളി, ശ്രീപുരം സെൻ്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരി, വിവിധ സ്‌കൂളുകളിൽ മാനേജർ, കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രൽ അഡ്‌മിനിസ്ട്രേറ്റർ, കണ്ണൂർ പാസ്റ്ററൽ സെന്റ്റർ ഡയറക്‌ടർ, മലബാർ റീജൺ പ്രൊക്യുറേറ്റർ, അതിരൂപത ട്രൈബ്യൂണൽ ജഡ്‌ജി, കോട്ടയം അതിരൂപത ചാൻസലർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു.


അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ചലസില്‍ നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യുക്കേഷൻ പൂർത്തിയാക്കി. അമേരിക്കയിൽ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടറായും ക്നാനായ കാത്തലിക് കോൺഗ്രസിന്റെ സ്പിരിച്വൽ ഡയറക്ടറായും ശുശ്രൂഷചെയ്തു. 11 വർഷം കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്‌ടർ എന്ന നിലയിലും സേവനം ചെയ്തു. അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികെയാണ് പുതിയ നിയമനം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments