സുനില്‍ പാലാ
കോട്ടയത്ത് മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതിന്റെ നടുക്കം ഇങ്ങ് പാലായിലുമെത്തുന്നുണ്ട്. പാലാ കെ.എസ്.ആര്‍.ടി.സി.യുടെ പഴയ കെട്ടിടം ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്.
പുതിയ കെട്ടിടം പണിത് ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഡിപ്പോയുടെ പ്രവര്‍ത്തനം ഇപ്പോഴും പഴയ ശോച്യാവസ്ഥയിലായ കെട്ടിടത്തില്‍തന്നെ. ഈ മന്ദിരത്തിന്റെ തൂണുകള്‍ പൊളിഞ്ഞ് കമ്പി വെളിയില്‍ കാണാം.
മേല്‍ക്കൂരയില്‍ നിന്ന് സിമന്റ് പാളികള്‍ അടര്‍ന്നുവീഴുകയാണ്. ചോര്‍ന്നൊലിക്കുന്നുമുണ്ട്. ഡിപ്പോയിലെ രേഖകള്‍ ഉള്‍പ്പെടെ മഴവെള്ളം വീണ് നശിച്ച സംഭവവുമുണ്ട്.
ദിവസേന നൂറുകണക്കിന് യാത്രക്കാരും ബസ് ജീവനക്കാരുമെല്ലാം എത്തുന്ന സ്ഥലത്തെ മന്ദിരത്തിനാണീ ദുര്‍ഗതി. തൂണുകളെല്ലാം ബലക്ഷയത്തിലാണ്. നല്ലൊരു കാറ്റടിച്ചാല്‍തന്നെ ഇവ ഇളകി വീണേക്കാം. ഇത്ര ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായിട്ടും അധികാരികള്‍ക്ക് അനക്കമില്ല. ഇവിടെയൊരു ദുരന്തത്തിന് കാത്തിരിക്കുകയാണോ അധികാരികളെന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും ചോദ്യം.
ഡിപ്പോയില്‍ സ്റ്റേഷന്‍ ഓഫീസും പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടം കാലപ്പഴക്കത്താല്‍ പണ്ടേ ഉപേക്ഷിക്കേണ്ടതായിരുന്നു. ഈ മന്ദിരത്തിന് പകരമായി നിര്‍മ്മിച്ച പുതിയ വാണിജ്യ സമുച്ചയമാണിപ്പോള്‍ വെറുതെ കിടക്കുന്നത്. പാലാ ഡിപ്പോയുടെ വരുമാനവും യാത്രക്കാരുടെ സൗകര്യങ്ങളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ടിക്കറ്റേതര വരുമാനമായി വന്‍ തുക പ്രതിമാസം ലഭിക്കുമായിരുന്നിട്ടും അധികൃതര്‍ വീഴ്ച വരുത്തിയത് മൂലം വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.
എം.എല്‍.എ., എം.പി. ഫണ്ടുകളും ഈ കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിച്ചു.
എംഎല്‍എ, എം.പി. ഫണ്ടുകളും കെഎസ്ആര്‍ടിസി അനുവദിച്ച തുകയും ഉപയോഗിച്ചാണ് ബഹുനില മന്ദിരം നിര്‍മാണം നടത്തിയത്. ഇവിടെ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ലക്ഷ്യമിട്ടിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് ഡിപ്പോയുടെ പ്രവര്‍ത്തനം മാറ്റുവാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനുള്ള നീക്കം ഉപേക്ഷിച്ച നിലയിലാണ്.
വാണിജ്യ സമുച്ചയത്തില്‍ പ്രധാനപ്പെട്ട ഓഫീസുകളും ജീവനക്കാര്‍ക്കുള്ള വിശ്രമ സ്ഥലവും മുകള്‍ നിലയില്‍ സ്ഥാപിക്കുവാനും പുതിയ കെട്ടിടത്തില്‍ ശൗചാലയങ്ങള്‍ സജ്ജമാക്കി നിലവിലുള്ള പരാതികള്‍ക്ക് പരിഹാരം കാണുവാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായതല്ലാതെ തുടര്‍നടപടികള്‍ ഒന്നും ആയിട്ടില്ല.
0 Comments