ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ 69 വാർഷികമാണിത്. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിലും സാമൂഹിക വിഷയങ്ങളിലും കേരളം മാതൃക സൃഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്‍പേ സഞ്ചരിച്ചു.
സാമൂഹ്യ സാമ്പത്തിക രംഗത്തെ, ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാരവികേന്ദ്രീകരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണസമരങ്ങള്‍ തുടങ്ങി പ്രതീക്ഷയുടെ നാളുകളായിരുന്നു. രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറി കേരളം. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി.
വിനോദസഞ്ചാരരംഗത്ത് വലിയ മുന്നേറ്റം. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പോലും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടവും തെയ്യവും കളരിപ്പയറ്റും ഗോത്ര കലകളുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളില്‍ വിദേശനാടുകളില്‍പ്പോലും പഠനങ്ങള്‍ നടക്കുന്നു. ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട സുപ്രധാന പ്രഖ്യാപനത്തിനുകൂടി കേരളം സാക്ഷ്യംവഹിക്കുകയാണ്.
ലോകത്തിലെതന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍മാത്രം കൈവരിച്ചതും ഏതൊരു പുരോഗമനസമൂഹവും സ്വപ്നം കാണുന്നതുമായ ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം’ എന്ന പദവിയിലേക്ക് ഉയരുകയാണ്. കണക്കുകളിലെ നേട്ടത്തിനപ്പുറം, ഭക്ഷണമില്ലാത്ത, വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം.




0 Comments