കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ച സംഭവം; കൈവരിയില്ലാത്തതും ഇരുട്ടും വിനയായി
കോട്ടയം വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് ആണ് മരിച്ചത്. അമൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു അമൽ സൂരജ്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ആണ് അപകടം ഉണ്ടായത്.
രാത്രിയോടെ തോട്ടുവക്കം പാലത്തിനു സമീപത്തു വെച്ചാണ് കാർ കനാലിലേക്ക് മറിഞ്ഞത്. ആളൊഴിഞ്ഞ പ്രദേശം ആയിരുന്നതിനാൽ അപകടം ഉണ്ടായത് ആരും അറിഞ്ഞില്ല. ഇന്ന് രാവിലെ പ്രഭാത നടത്തത്തിന് എത്തിയവരാണ് തോട്ടിൽ കാർ ഒഴുകി നടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു.
ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലാണ് കാറിനുള്ളിൽ അമൽ സൂരജിന്റെ മൃതദേഹം കണ്ടത്. കാറിന്റെ ഡോർ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അമൽ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടമുണ്ടായ സ്ഥലത്ത് റോഡിന് കൈവരിയും വെളിച്ചവും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവകളും പൊലീസ് പരിശോധിക്കുകയാണ്.
 
 




 
 
 
 
 
0 Comments