കുഴിയിൽ വീണെന്നും സ്ഥലം അറിയില്ലെന്നും യുവാവ്...അർദ്ധരാത്രിയിൽ ആൾമറയില്ലാത്ത കുഴിയിൽ വീണുപോയ യുവാവിനെസമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി പോലീസ്

 

അർദ്ധരാത്രിയിൽ ആൾമറയില്ലാത്ത കുഴിയിൽ വീണുപോയ യുവാവിനെ പോലീസ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൺട്രോൾ റൂം വഴി സഹായത്തിനായുള്ള സന്ദേശം ലഭിച്ചത്. നിലമ്പൂർ പ്രദേശത്തെ ഏതോ കുഴിയിൽ വീണ് കിടക്കുകയാണെന്നും കൃത്യമായി സ്ഥലം അറിയില്ലെന്നുമായിരുന്നു യുവാവ് അറിയിച്ചത്.  വിവരം ലഭിച്ച ഉടനെ, നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ടി.പി. മുസ്തഫയും സിനിയർ സി.പി.ഒ. നിബിൻ ദാസും യുവാവിനെ തിരിച്ചുവിളിച്ച് സംസാരിച്ചു.


 കുഴിയിൽ വീണെന്നും സ്ഥലം അറിയില്ലെന്നും യുവാവ് ആവർത്തിച്ചതോടെ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി. ഫോൺ നമ്പറിന്റെ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് യുവാവ് മമ്പാട് ടാണ ഭാഗത്താണ് ഉള്ളതെന്ന് മനസ്സിലാക്കി. പോലീസ് ഫോണിലൂടെ യുവാവിന് ധൈര്യം പകരുകയും തിരച്ചിലിനൊടുവിൽ സ്ഥലം കണ്ടെത്തുകയും ചെയ്തു. ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡരികിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള ഏകദേശം 10 അടിയോളം താഴ്ചയുള്ള കുഴിയിലാണ് രവീൺ എന്ന യുവാവിനെ കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ നിന്ന് കോണി സംഘടിപ്പിച്ചാണ് 22-കാരനായ രവീണിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്.


 പരിക്കേറ്റ ഇദ്ദേഹത്തെ നിലമ്പൂർ ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണ് രവീൺ.  പൈനാപ്പിൾ കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനായി ബന്ധുക്കളോടൊപ്പമാണ് രവീൺ നിലമ്പൂരിൽ എത്തിയത്. എന്നാൽ കൂടെയുള്ളവരോട് പറയാതെ രാത്രി സ്വന്തം നാടായ താമരശ്ശേരിയിലേക്ക് പോകാനിറങ്ങിയതായിരുന്നു. ബസ് കിട്ടാതെ വന്നതോടെ മമ്പാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. തന്നെ ആരോ പിന്തുടരുന്നതായി തോന്നിയെന്നും, അവരിൽ നിന്ന് രക്ഷപ്പെടാനായി ഓടുന്നതിനിടെയാണ് കുഴിയിൽ വീണതെന്നും രവീൺ പോലീസിനോട് വ്യക്തമാക്കി. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments