മുട്ടം ജില്ലാ കോടതിയില്‍ ചാവേര്‍ ബോബ് പൊട്ടിത്തെറിക്കുമെന്ന് ഇ- മെയിലൂടെ വ്യാജ ഭീഷണി


തൊടുപുഴ  മുട്ടം ജില്ലാ കോടതിയില്‍ ചാവേര്‍ ബോബ് പൊട്ടിത്തെറിക്കുമെന്ന് ഇ- മെയിലൂടെ വ്യാജ ഭീഷണി. തമിഴ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (ടി.എല്‍.ഒ) എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15ന് സ്ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. മുഹമ്മദ് അസ്ലം വിക്രം എന്ന പേരും മെയിലില്‍ നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് പോലീസിനെയും ചില രാഷ്ട്രീയ സംഘടനകളെയും പരാമര്‍ശിക്കുന്ന സന്ദേശമാണ് ഇ- മെയിലിലുള്ളത്. ലക്ഷ്യമിടുന്നത് ശ്രീലങ്കന്‍ ഈസ്റ്റര്‍ മോഡല്‍ ആക്രമണമെന്നായിരുന്നു ഉള്ളടക്കം. 


 കോടതിയുടെ പ്രധാന ഭാഗങ്ങളില്‍ റിമോട്ട് കണ്‍ട്രോള്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകള്‍ പൊട്ടിത്തെറിച്ചില്ലെങ്കില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഇതിനായി മൂന്ന് ആര്‍ഡിഎക്‌സ് ഐഇഡികള്‍ സ്ഥാപിച്ചിട്ടുള്ളതായും ഇത് പൊട്ടിത്തെറിച്ചില്ലെങ്കില്‍ ഒന്നോ രണ്ടോ മനുഷ്യ ചാവേറുകള്‍ സ്വയം പൊട്ടിത്തറിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക മെയിലേക്ക് എത്തിയ സന്ദേശം കോടതി നടപടികളെ ബാധിച്ചു.


 ഈ സമയം വധശ്രമകേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയുമായി തമിഴ്‌നാട് പോലീസ് ഇവിടെ എത്തിയതും പരിഭ്രാന്തി പടര്‍ത്തി. ഭീഷണിയെത്തുടര്‍ന്ന് മുട്ടം പോലീസ് കോടതിയില്‍ എത്തി ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെ വിശദ പരിശോധന നടത്തി സന്ദേശം വ്യാജമെന്നുറപ്പാക്കി. 
 കാസര്‍കോട് ജില്ലാ കോടതിയിലും സമാന ഭീഷണി ഉണ്ടായിരുന്നു.രാവിലെ 10.30ന് ജീവനക്കാരെത്തിയപ്പോഴാണ് ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടത്. vikram_rajaguru@outlook.com എന്ന ഇ- മെയില്‍ വിലാസത്തില്‍ നിന്ന് പുലര്‍ച്ചെ 3.19നായിരുന്നു സന്ദേശം. 


ഇതോടെ ജഡ്ജിമാരും അഭിഭാഷകരും ജീവനക്കാരടക്കമുള്ള മുഴുവനാളുകളും കോടതി സമുച്ചയത്തിന് പുറത്തിറങ്ങി. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, പോലീസ്, ഡിവൈഎസ്പിയുടെ സ്ട്രൈക്കര്‍ ഫോഴ്‌സ്, അഗ്‌നിശമനസേന തുടങ്ങിയ വിവിധ സേനാ വിഭാഗങ്ങളെത്തി മുഴുവന്‍ സ്ഥലങ്ങളും പരിശോധിച്ച് ഭീഷണി സന്ദേശം വ്യാജമെന്ന് ഉറപ്പാക്കി. തൊടുപുഴ ഡിവൈഎസ്പിയും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചതോടെ ഉച്ചയ്ക്ക് 2.30ഓടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. സംഭവത്തില്‍ മുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments