മൂവാറ്റുപുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചിറ്റൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ ഇര്‍ഷാദിയ മസ്ജിദിന് സമീപം ശനിയാഴ്ച രാത്രി 9.30ഓടെയുണ്ടായ അപകടത്തില്‍ തൊടുപുഴ ചിറ്റൂര്‍ പള്ളിക്കാട്ടില്‍ ദാസിന്റെ മകന്‍ ആകാശ് (24)ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്നും ചെറുവട്ടൂരിലേക്ക് പോകുകയായിരുന്ന ആകാശ് സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ പൊന്നിരിക്കപറമ്പ് ഭാഗത്തുനിന്നും വരികയായിരുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആകാശിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണപ്പെടുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന ഇലക്ട്രിക് സ്‌കൂട്ടറിലെ യാത്രികരായ നെല്ലിക്കുഴി ആലക്കാട അഡ്വ. അസ്ലാം കബീര്‍, അസ്ഫാന്‍ എന്നിവരെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ആകാശിന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ എച്ച്ഡിഎഫ്സി ബാങ്കില്‍ ജോലി ചെയ്തുവരുകയായിരുന്നു ആകാശ്. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍. അമ്മ : സലി സഹോദരന്‍: ദിനില്‍
0 Comments